31 ഒക്‌ടോബർ 2009

ഒരു ലിഫ്റ്റ് യാത്ര

താഴോട്ടായിരുന്നു പോകേണ്ടിയിരുന്നത്, മുന്നില്‍ തുറന്ന വാതില്‍ പഴുതിലൂടെ ചാടിക്കയറിയപ്പോഴാണു ലിഫ്റ്റിന്റെ സന്ചാരദിശ മുകളിലോട്ടാണെന്നു മനസ്സിലായത്. ഒരു സൌജന്യ സവാരിയാവട്ടെ എന്നു കരുതി ഞാന്‍ യാത്ര തുടരാന്‍ തീരുമാനിച്ചു.

പന്ത്രണ്ടാം നിലയില്‍ എല്ലാവരും ഇറങി, ചിലര്‍ കയറി, ഞാന്‍ എന്റെ യാത്ര തുടര്‍ന്നു. കയറിയവര്‍ വീട്ടിലേക്കുള്ള യാത്ര തുടങിയവരാണെങ്കിലും, സംഭാഷണം ജോലിത്തിരക്കുകളെ കുറിച്ചു തന്നെ ആയിരുന്നു. നെറ്റ്വര്‍ക്ക് പ്രോഗ്രാമ്മിംഗ് ആയി ബന്ധപ്പെട്ട എന്തൊക്കെയോ പ്രശ്നങള്‍. മോഡ്യൂള്‍ ലോഡ് ആവുന്നില്ല പോലും.

ചെയ്തു തീര്‍ക്കാം എന്നു ഏറ്റു പോയ കാര്യങള്‍ ചെയ്തു തീര്‍ക്കാന്‍ പറ്റുമോ എന്ന ആശങ്കയിലായിരുന്നു പതിനൊന്നാം നിലയില്‍ നിന്നും യാത്രയില്‍ പങ്കു ചേര്‍ന്ന ചിലര്‍. ശനിയും ഞായറും കഴിഞു സംഭവം തീര്‍ത്താല്‍ മതിയല്ലോ എന്ന ആശ്വാസത്തില്‍ ചിലര്‍, ഉദ്പാദന ക്ഷമത എന്തായിരിക്കും എന്ന ആശങ്കയില്‍ മറ്റു ചിലര്‍, ജോലിയില്‍ മാറ്റം ആവശ്യപ്പെടുന്നവരെ എങിനെ പിടിച്ചു നിര്‍ത്തും എന്ന വേവലാതിയില്‍ ഒരു ചിലര്‍, ബ്ലാക്ക് ബെറി ആണു ഫോണ്‍ ബ്രാന്ഡ് എല്ലാവര്‍ക്കും.

പത്താം നിലയില്‍ നിന്നും, കൂടുതല്‍ പുതിയ ഇടപാടുകാരെ എങിനെ വലയില്‍ വീഴ്ത്താം എന്നു ചര്‍ച്ചയുമായി ചിലര്‍. നന്നായി വസ്ത്രം ധരിച്ചവര്‍, മുഖത്തിന്റെ മിനുക്കം ഇനിയും ഈ വൈകുന്നേരത്തിലും നഷ്ടപ്പെടാത്തവര്‍, മാന്ദ്യം തീരുന്നതു വരെ പുതിയ ബ്രാന്ഡ് കാര്‍ മാറ്റി വാങുന്നതു നിര്‍ത്തിവെച്ച ആള്‍ക്കാര്‍. ഇവിടേയും ബ്ലാക്ക് ബെറി ആണു ഫോണ്‍ ബ്രാന്ഡ് എല്ലാവര്‍ക്കും.

തിളങുന്ന ഇന്ഡ്യ തലമുറയില്‍പെട്ട ഒരു കൂട്ടം. എന്തൊരു ബോറന്‍ യാത്ര എന്ന ചിന്ത മനസ്സില്‍ കയറാന്‍ ശ്രമിച്ചു തുടങുംപോളാണു ഒന്‍പതാം നിലയിലേക്കുള്ള വാതില്‍ തുറന്നത്. ആരും ഇറങിയില്ല, കേറിയത് ഒരു കൂട്ടം ഇളം തലമുറക്കാര്‍. സംസാരം വ്യക്തമായി അങു മനസ്സിലായില്ലെങ്കിലും, ശനിയാഴ്ച പുറത്തിറങാന്‍ പോകുന്ന ഏതോ ഹിന്ദി സിനിമയെ പറ്റിയാണെന്നു ഊഹിച്ചെടുത്തു.വേഷത്തില്‍ സാമ്യവും, സിനിമക്കാരോടു തന്നെ. ഐ. പോഡും, ഐ. ഫോണുമുണ്ട്, നോകിയ എന്‍ സീരീസുമുണ്ട്, ലോ വേസ്റ്റ് ജീന്‍സും ഇസ്തിരി വെച്ച മുടിയുമുണ്ട്. ലിഫ്റ്റിലെ പതിഞ സംസാരരീതി ഇളം തലമുറയുടെ ഊര്‍ജ്ജസ്വലതയ്ക്കു വഴിമാറി കൊടുത്തു.

എഴുപതുകളിലായിരുന്നോ അതോ എണ്‍പതുകളിലായിരുന്നോ, മുഖത്തിനേക്കളേറെ സ്വന്തം മുടിക്കും താടിക്കും പ്രാധാന്യം കൊടുത്ത് ഒരു കൂട്ടം ആള്‍ക്കാര്‍ ഈ ഭൂലോകത്തു ജീവിച്ചു പോന്നതു ? ചോദിക്കാന്‍ കാരണം, എട്ടാം നിലയില്‍ നിര്‍ത്താതെ പോയ ലിഫ്റ്റിന്റെ കൂടെ ഏഴാം നിലയില്‍ നിന്നും സഹയാത്രികരായ മിക്കവരും ആ ഒരു കാലഘട്ടത്തിന്റെ ശേഷിപ്പുകളായിരുന്നു. സര്‍ക്യൂട്ടിന്റെ, ബോര്‍ഡിന്റെ, പിന്നുകളുടെ (പ്രത്യേകിച്ചു പതിനാലമത്തെയും, പതിനാറാനത്തെയും പിന്നുകളുടെ) വിശേഷം അവര്‍ പങ്കു വച്ചു.

ലിഫ്റ്റിനു താത്പര്യമായിരുന്നു, എനിക്കും അതെ, പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലൊ എന്ന തത്വം ഓര്‍മ്മിച്ചിട്ടെന്ന പോലെ എല്ലാം നിയന്ത്രിക്കുന്ന അദ്ദേഹം ഫുള്‍ എന്നൊരു ബോര്‍ഡ് ലിഫ്റ്റിന്റെ കൈയില്‍ വച്ചു കൊടുത്തു.

കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം

കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം