20 മാർച്ച് 2011

ലോക്പാല്‍ ബില്ലിനെ കുറിച്ച്

ബോളിവുഡ് സിനിമകളേക്കളേറെ നാട്ടില്‍ മെഗാ ബഡ്ജറ്റ് അഴിമതിക്കഥകള്‍ ആഴ്ച തോറും പുറത്തു വന്നു കൊണ്ടിരിക്കുന്ന  ഈ അവസരത്തില്‍, പല പ്രാവശ്യം പാര്‍ലമെന്റില്‍ മുഖം കാണിച്ചു മടങിയ ലോക്പാല്‍ ബില്ലിന്റെ അവസ്ഥയെക്കുറിച്ച് ചില വിവരങള്‍.

പൊതുരംഗത്തുള്ള അഴിമതി തടയുക എന്നെ ലക്ഷ്യത്തോടെ, രാഷ്ട്രീയക്കാരും ഗവര്‍മെന്റ് ഉദ്യോഗസ്ഥരും അടക്കം പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വഴിവിട്ട പ്രവര്‍ത്തനങള്‍ക്ക് തടയിടാന്‍ വേണ്ടി വിഭാവനം ചെയ്യപ്പെട്ട ഒരു സംവിധാനമാണു ലോക്പാലും ലോകായുക്തയും. ലോക്പാല്‍ പല പ്രാവശ്യം പാര്‍ലമെന്റില്‍ വന്നു പല കാരണങളാല്‍ മടങിയപ്പോള്‍ ലോകായുക്ത പല സംസ്ഥാനങളിലും തങളില്‍ ബോധപൂര്‍വം അടിച്ചേല്‍പ്പിച്ച പരിമിതികളാല്‍ അഴിമതിക്കെതിരായി കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ നിലകൊള്ളുന്നു.

സ്കാന്‍ഡിനേവിയന്‍ രാജ്യങളിലെ ഒംബുഡ്സ്മാന്‍ നു സമാനമായി 1966ല്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റിന്‍ അവതരിക്കപ്പെട്ട ലോക്പാല്‍ ബില്‍ പിന്നീട് പല പ്രാവശ്യം പാര്‍ലമെന്റില്‍ തന്റെ ഭാഗ്യം പരീക്ഷിച്ചു. അധികാരത്തിന്റെ മത്തു പിടിച്ച രാഷ്ട്രീയ നേതാക്കളുടെയും അവരുടെ ചെയ്തികള്‍ക്കെല്ലാം ഒത്താശ ചെയ്തു കൂടെ നിന്ന ഉദ്യോഗസ്ഥവൃന്ദങളുടെയും വലയത്തില്‍ നിന്നും സാധാരണ ജനത്തിനു നീതി ലഭിക്കാന്‍ വേണ്ടിയും ജനാധിപത്യ സംവിധാനത്തിനു തന്നെ ഭീഷണിയായി വളര്‍ന്ന പൊതുരംഗത്തെ അഴിമതി പ്രവണതകളെ നിയന്ത്രിക്കാന്‍ വേണ്ടിയും 1806ല്‍ സ്വീഡനിലാണു ആദ്യമായി ഒംബുഡ്സ്മാന്‍ എന്ന സംവിധാനം രൂപം കൊള്ളുന്നത്.
ഗവര്‍മെന്റ് തലത്തിലും പൊതുരംഗത്തും ഉള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ പൊതുജന പരാതിയിന്‍മേലും സ്വമേധയാലും അന്വേഷണം നടത്താനും പ്രോസിക്യൂഷന്‍ നടപടികള്‍ക്കുത്തരവിടാനും ഒംബുഡ്സ്മാന്‍ അധികാരമുണ്ട്. സ്വീഡനെ തുടര്‍ന്ന് സ്കന്‍ഡിനേവിയന്‍ രാജ്യങളുള്‍പ്പെടെ പല ലോകരാജ്യങളിലും ഒംബുഡ്സ്മാന്‍ സമാനമായ സംവിധാനം നിലവില്‍ വന്നു. ഉദ്ദേശം ഒന്നു തന്നെയായിരുന്നെങ്കിലും വ്യത്യസ്ത രാജ്യങള്‍ അവരവരുടെ സ്ഥിതിഗതികളനുസരിച്ച് വ്യത്യസ്തമായ അധികാരപരിധികളായിരുന്നു ഒംബുഡ്സ്മാനു നിശ്ചയിച്ചത്. സ്വീഡനില്‍ ഒംബുഡ്സ്മാനു കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം ഉള്ളപ്പോള്‍ ചില രാജ്യങളില്‍ അത് പ്രോസിക്യൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതില്‍ ഒതുങി നില്‍ക്കുന്നു. ബ്രിട്ടനില്‍ ഒംബുഡ്സ്മാന്‍ പാര്‍ലമെന്റംഗങളില്‍ നിന്നു മാത്രമേ പരാതി സ്വീകരിക്കാന്‍ പാടുള്ളു. കുറ്റക്കാര്ക്ക് ശിക്ഷ വാങിക്കൊടുക്കുന്നതില്‍ ഉപരിയായി ഒംബുഡ്മാന്‍ വിചാരണ നേരിട്ടവരുടെ പ്രതിഛായയില്‍ ഏല്‍പ്പിക്കുന്ന ആഘാതമാണു വികസിത  രാജ്യങളില്‍ ഒംബുഡ്സ്മാന്‍ എന്ന സംവിധാനത്തിന്റെ ഒരു പ്രധാന ശക്തി


അറുപതുകളില്‍ പൊതുരംഗത്ത് വ്യാപകമായി തുടങിയ അഴിമതികള്‍ക്ക് ഒരു വിരാമമിടാമെന്ന ഉദ്ദേശത്തോടെയാണ്‌ ആദ്യമായി ലോക്പാല്‍ ബില്‍ ലോകസഭയിലെത്തുന്നത്.  കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങളില്‍ ലോകായുക്തയുമായി രണ്ട് തലത്തിലുള്ള ഒരു സംവിധാനമാണ്‌ അന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്‌. 1968ല്‍ നാലാം ലോകസഭയില്‍ അവതരിപ്പിച്ച ഈ ബില്‍ 1969ല്‍ ലോകസഭയില്‍ പാസ്സാക്കുകയുംചെയ്തു. സഭ പിരിച്ചു വിട്ടതിനാല്‍ രാജ്യസഭ കടന്നു കൂടാനുള്ള യോഗം ലോക്പാല്‍ ബില്ലിനുണ്ടായില്ല. ഇതിനു ശേഷം പല പ്രാവശ്യം ലോക്പാല്‍ ബില്ല്‌ ലോകസഭയിലെത്തിയെങ്കിലും (1971,1977,1985,1989,1996, 2001,2005,2008) വിശദാംശങള്‍ ആരായാന്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുകയലാതെ ബില്ല്‌ പാസ്സാക്കാന്‍ ആത്മാര്‍ഥമായി ഒരു ഗവര്‍മെന്റും ശ്രമിച്ചില്ല എന്നു വേണം കരുതാന്‍. അറിഞുകൊണ്ട് ഒരു മരംവെട്ടുകാരനും സ്വയം താനിരിക്കുന്ന കൊമ്പ് വെട്ടുകയില്ല എന്ന പരമാര്‍ത്ഥം തിരിച്ചറിഞ്, ലോക്പാല്‍ ബില്ലിനെ ജനങള്‍ക്ക് ഉപയോഗപ്രദമായ രൂപത്തില്‍ തന്നെ നിലവില്‍ വരുന്നതിനു പൊതുജനം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുന്നു.  ലോകായുക്തയെ പോലെ ലോക്പാലിനെയും ഒരു വെറും നോക്കുകുത്തിയാക്കാനുള്ള പിന്‍തിരിപ്പന്‍ ശക്തികളുടെ ശ്രമങളെ ചെറുത്തു തോല്‍പ്പിക്കാന്‍ പൌരസമൂഹത്തിന്റെ കരങള്‍ക്കു ശക്തി പകരുക.

ലോക്പാലിന്റെ ഇപ്പോഴത്തെ സ്ഥിതിയെ പറ്റി ഇവിടെ വിശദമായി വായിക്കാം. ലോക്പാല്‍ ബില്ലിനെ  പറ്റി ചില വാര്‍ത്താശകലങള്‍ താഴെ

http://www.scribd.com/doc/21632406/Lok-Pal-Bill-An-Analysis
http://www.thehindu.com/news/national/article903713.ece
lokpal bill a farce on the public
http://articles.economictimes.indiatimes.com/2011-01-28/news/28431945_1_lokpal-bill-jurisdiction-judiciary