22 ഓഗസ്റ്റ് 2011

ഹസാരെയുടെ സമരം ലക്ഷ്യം മറന്ന് കാട് കയറുകയാണോ എന്നു സംശയം ? ജന ലോകപാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാറിനു സ്ഥാനമൊഴിയേണ്ടി വരുമെന്നാണു ഏറ്റവും പുതിയ ഭീഷണി. അഴിമതിക്കെതിരായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി ഒരു മുന്നേറ്റം ഉണ്ടാക്കിയ കാര്യത്തില്‍ ഹസാരെ അഭിനന്ദനം അര്‍ഹിക്കുമ്പോഴും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ ഉപവസിക്കും എന്ന ഭീഷണിയുടെ സ്വരം ശരിയാണൊ ?  അതോ കപില്‍ സിബലിന്റെയും ചിദംബരത്തിന്റെയും അഹങ്കാരം ഇങിനെ ഒക്കെ ചെയ്താലേ ശമിക്കു എന്നുണ്ടോ ?  ക്രിയാത്മകമായ ഒരു ചര്‍ച്ചയുടെ തലത്തിലേക്ക് ആരും പോകുന്നില്ല എന്നതാണു കൂടുതല്‍ ആശങ്കാജനകം. 
കിട്ടിയ അവസരം പാഴാക്കിയ സര്‍ക്കാരും ഇപ്പോള്‍ ജന്‍ ലോകപാല്‍ അല്ലാതെ മറ്റൊന്നും പറ്റില്ലെന്നു വാശി പിടിക്കുന്ന ഹസാരെയും ഒരു ജനാധിപത്യസമൂഹത്തിനു ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുന്നെതെന്ന് തോന്നുന്നു. സ്വാതന്ത്ര്യത്തിന്റെ 64 വര്‍ഷങള്‍ക്കു ശേഷവും ജനാധിപത്യത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നമ്മുക്കു  ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നതു അപമാനകരം തന്നെ. കുറെ കാലം നമ്മുടെ ജനാധിപത്യം വോട്ട് ചെയ്യുന്നതില്‍ മാത്രം ഒതുങി നിന്നു, വോട്ട് ചെയ്താല്‍ എന്റെ ജനാധിപത്യ കടമകള്‍ തീര്‍ന്നു എന്ന ഒരു വിശ്വാസത്തില്‍. പിന്നെ അതു മുതലെടുത്ത് സ്വന്തം കീശ വീര്‍പ്പിച്ച രാഷ്ട്രീയക്കാര്ക്കെതിരെ ഞാന്‍ പറയുന്നത് മാത്രമാണു നിയമം എന്ന നിലയില്‍ ഇപ്പോള്‍ ഒരു സമരം. നിയമനിര്‍മ്മാണത്തിന്റെ നൂലാമാലകള്‍ ഞങള്‍ മാത്രം അറിഞാല്‍ മതിയെന്ന പാര്‍ലമെന്റേറിയന്‍മാരുടെ നിലപാടും ഒട്ടും ആശാവഹമല്ല. നമുക്ക് ജനാധിപത്യവും മതേതരത്വവുമെല്ലാം പേരിനു മാത്രം മതിയെന്നു തോന്നുന്നു.