15 ഓഗസ്റ്റ് 2012

കമന്റ്: സ്വതന്ത്രകൂട്ടായ്മകളുടെ ശ്രദ്ധയ്ക്ക്

എന്‍. പ്രഭാകരന്‍ മാഷിന്റെ "സ്വതന്ത്രകൂട്ടായ്മകളുടെ ശ്രദ്ധയ്ക്ക്" എന്ന ബ്ലോഗ് പോസ്റ്റിലിട്ട കമന്റ് ഇവിടെ സൂക്ഷിക്കുന്നു.

കാലാകാലം പോയി വോട്ടു ചെയ്യുന്നതോടെ തീരുന്നു, നമ്മുടെയെല്ലാം ജനാധിപത്യ സങ്കല്പങള്‍. ആര്‍ഷ ഭാരത സംസ്കാരത്തില്‍ അഹമ്മതി കൊള്ളുന്ന നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ നിന്നും അതിന്റെ ഏറ്റവും ശക്തമായ അടയാളമായ മാടംബി-അടിയാള മനോഭാവം മായ്ചു കളയാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല. അന്നു രാജാക്കന്‍മാരെയും നാടുവാഴികളെയും തൊഴുതു നിന്നു, ഇന്നു നാം തന്നെ വോട്ടു ചെയ്തു കയറ്റി വിട്ട മന്ത്രിമാരെ തൊഴുതു നില്‍ക്കുന്നു. സ്വാതന്ത്ര്യം സമത്വം എന്നൊക്കെ പറയുമെങ്കിലും അവയുടെയെല്ലാം ശരിയായ ഉള്ളടക്കമെന്തെന്നു ഒരു പിടിയുമില്ല നമ്മുടെ പൊതുസമൂഹത്തിന്. പിന്നെ മതേതരരാഷ്ട്രമാണെങ്കിലും മതപരമാണെന്നു പറഞു കൊണ്ട് എന്തു തോന്ന്യാസവുമാകാം. ഒരു കാലത്ത് ഒരു മാറ്റത്തിന്റെ സന്ദേശവാഹകരായ മാധ്യമപ്രമുഖര്‍ പോലും ഇന്നു മതപ്രീണത്തിലേര്‍പ്പെട്ടിരിക്കുന്ന കാഴ്ചയാണ്‌ നമുക്ക് മുന്നില്‍. മൃഗീയമായ ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും ഇത്തരത്തിലുള്ള വേറിട്ട ശബ്ദങള്‍ സ്വാഗതാര്‍ഹമാണ്. പ്രതീക്ഷകളൊത്തിരിയുണ്ടായിരുന്നു ഇടതുപക്ഷ ചിന്തയില്‍, പക്ഷെ മതവിശ്വാസികളേക്കാള്‍ ഗാഡമായി തങളുടെ പ്രത്യയശാസ്ത്ര വിശുദ്ധപുസ്തകങളെ മുറുകെ പിടിച്ചു നില്‍ക്കുന്നവരില്‍നിന്നു എന്തു പ്രതീക്ഷിക്കാന്‍? പകരം, കൊടിയുടെ നിറം നോക്കാതെ ചൂഷിതന്റെ പക്ഷത്തു നില്‍ക്കുന്ന ഒരു കൂട്ടായ്മ വേണം, കോര്‍പ്പറേറ്റ് മാഫിയകളുടെ കുടിലതയില്‍ ഭൂമി നഷ്ടപ്പെട്ടവരോ, ഭരണവര്‍ഗ്ഗത്തിന്റെ അഹമ്മതിയില്‍ പെട്ട് പീഡനം അനുഭവിക്കുന്നവരോ, ജാതിചിന്തയില്‍ മുഴുകിയ സമൂഹം അവസരങള്‍ നിഷേധിച്ചവരോ, ജന്മനായോ അല്ലാതെയോ അംഗവൈകല്യം സംഭവിച്ചവരോ, അടുക്കളയില്‍ പുരുഷന്റെ ഇംഗിതമനുസരിച്ചു എരിഞൊതുങുന്ന സ്ത്രീ ജന്മങളോ, ചൂഷിതനാരുമാകട്ടെ, അവരുടെ പക്ഷത്തു നില്‍ക്കാന്‍ ഒരു കൂട്ടായ്മ വേണം, കൊടിയുടെ നിറവും കുലവും കുലമഹിമയും ലിംഗഭേദങളും നോക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ കൂടെ നില്‍ക്കാന്‍ ഒരു കൂട്ടായ്മ, എന്താണു സ്വതന്ത്രചിന്തയെന്നും അഭിപ്രായസ്വാതന്ത്ര്യമെന്നും ഈ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഒരു കൂട്ടായ്മ, മാനവരാശിയുടെ ഇന്നത്തെ പുരോഗതിയുടെ ഭാഗവാക്കായ ശാസ്ത്രപ്രതിഭകളെ പരിചയപ്പെടുത്താന്‍ ഒരു കൂട്ടായ്മ, വികസനമെന്നാല്‍ എക്സ്പ്രസ്സ് വേയും വിമാനത്താവളവും പണിയല്‍ മാത്രമല്ലെന്നും അതു സമൂഹത്തില്‍ ഒരാള്‍ക്ക് സ്വന്തം ഇച്ഛ പ്രകാരം ജീവിക്കാനുള്ള അവകാശം കൂടിയാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു കൂട്ടായ്മ.

കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം

കുടകിലെ ഒരു മാര്‍ച്ച് മാസപ്രഭാതം