ഉത്താര്‍ദ്ധത്തില്‍ ഒരു വേനല്‍ക്കാലം കൂടി വിട വാങ്ങി കഴിഞ്ഞു. സൂര്യന്‍ ദക്ഷിണായനത്തിണ്റ്റെ ഉച്ചിയിലേക്കു നീങ്ങിയ തക്കം പാര്‍ത്ത് ശൈത്യത്തിണ്റ്റെ തണുത്ത കരങ്ങള്‍ വീണ്ടും അതിണ്റ്റെ പിടി മുറുക്കാനുള്ള ശ്രമത്തിലാണു. ഒരു ചെറു തപസ്സിനുള്ള തയ്യാറെടുപ്പിനെന്ന പോലെ മരവള്ളികള്‍ വേഷപകര്‍ച്ചയിലേക്കു നീങ്ങി തുടങ്ങി, ദേശാടനകിളികള്‍ തണുപ്പില്‍ നിന്നു രക്ഷ തേടിയുള്ള യാത്ര തുടങ്ങി കഴിഞ്ഞു, കൂട്ടത്തില്‍ മനുവും. മനുവിണ്റ്റെ യാത്ര പക്ഷേ കുറച്ചു വ്യത്യസ്തമാണെന്നു മാത്രം, ഉത്താര്‍ദ്ധഗോള ശിശിരത്തിണ്റ്റെ കൊടും തണുപ്പും ഊഷരതയും വിട്ട് ഉഷ്ണമേഖലയുടെ പച്ചപ്പിലേക്കും ഊഷ്മളതയിലേക്കും പറന്നു കയറുന്ന പറവകളില്‍ നിന്നു വിപരീതമായി, ഒരു ശിശിരനിദ്രയ്ക്കെന്നപോലെ, ജന്‍മനാടിണ്റ്റെ ചൂടും ചൂരും വിട്ടു, മനസ്സും ശരീരവും ഒരു പോലെ മരവിപ്പിക്കുന്ന ശൈത്യത്തിണ്റ്റെ നിറവിലേക്കാണു മനുവിണ്റ്റെ യാത്ര.
അകാലത്തില്‍ ഇപ്പോഴൊരു ചെറുയാത്ര കഴിഞ്ഞു വന്നു മനസ്സും ദൈനംദിന ജീവിതവും അതിണ്റ്റെ താളത്തില്‍ തിരിച്ചു വന്നതേയുള്ളു, അതിനു മുന്‍പേ പതിവു ദേശാടനം മുടക്കാന്‍ പാടില്ലാത്തതു പോലെ, ഈ വര്‍ഷവും യാത്ര ഒരു അനിവാര്യതയാക്കിക്കൊണ്ടു മേലാളണ്റ്റെ സന്ദേശം. പറക്കാനും, പറിച്ചു നടാന്‍ തന്നെയും തയ്യാറായി ഒത്തിരി പേര്‍ കാത്തീരിക്കുമ്പോള്‍ എന്തുകൊണ്ട് ഈ ഞാന്‍ തന്നെ എന്ന മനുവിണ്റ്റെ ചിന്ത വായിച്ചറിഞ്ഞു എന്നതു പോലെ കൂടെ ഒരായിരം വിശദീകരണങ്ങളും.
താല്‍ക്കാലികമായുള്ള ഒരു യാത്ര പറച്ചിലാണെങ്കിലും, പ്രിയ സഖിയുടെ കണ്ണുകളില്‍ ഉരുണ്ടു കൂടി മെല്ലെ അടര്‍ന്നു വീണ രണ്ടു തുള്ളി കണ്ണുനീരിണ്റ്റെ ചൂടും പേറിയായിരുന്നു മനു യാത്ര തുടങ്ങിയത്. മനസ്സിണ്റ്റെ ചൂട് മെല്ലെ ആറ്റിയെടുത്ത്, ആകാശസുന്ദരിമാരുടെ ഭക്ഷണസല്‍ക്കാരത്തിനു കാത്തു നില്‍ക്കാതെ ഉറക്കത്തിലേക്കു വഴുതിയ മനുവിണ്റ്റെ മുന്നില്‍ പുല്‍ത്തുമ്പുകളിലെ തുഷാരബിന്ദുക്കളില്‍ വെള്ളിവെളിച്ചം വീശി, തെളിഞ്ഞു നില്‍ക്കുന്ന സൂര്യപ്രഭയില്‍, വൃശ്ചികമാസത്തിലെ കാറ്റില്‍ ആടിയുലയുന്ന തെങ്ങിന്‍ തലപ്പുകള്‍ കാവല്‍ നില്‍ക്കുന്ന സ്കൂള്‍ മൈതാനം തെളിഞ്ഞു. പുട്‌ലറുടെയും ബൈജുവിണ്റ്റെയും കെ. സി. ബാബുവിണ്റ്റെയും തീ പാറുന്ന ബോളിങ്ങിന്നു മുന്നില്‍ തകര്‍ന്നടിഞ്ഞ എസ്. എന്‍. പുരം ടീം. ഉണ്ണിയുടെയും, സിജു-സാജുമാരുടെയും ശബ്ദത്തില്‍ മുഖരിതമായ വിജയാഘോഷത്തിണ്റ്റെ നിമിഷങ്ങള്‍, തോല്‌വിയുടെ കുപ്പായമണിയേണ്ടി വന്നവരുടെ ഒഴിവുകഴിവുകള്‍, കാക്കിയും മണ്ണിണ്റ്റെ ചുവപ്പു ചായം പൂശിയ വെള്ളയും ചേര്‍ന്ന യൂനിഫോറത്തില്‍ മനുവുണ്ട് കൂടെ. ആ വെയിലിലും മനുവിനു തണുപ്പു തോന്നി തുടങ്ങുന്നുണ്ടായിരുന്നു, തണുപ്പു സഹിക്കാതെ വന്നപ്പോള്‍ ആകാശസുന്ദരി വച്ചു നീട്ടിയ പുതപ്പൊരെണ്ണം വലിച്ചെടുത്തു, മനു അതിണ്റ്റെ ഉള്ളില്‍ ഒന്നു കൂടി ഒതുങ്ങി.
കുരുക്ഷേത്രഭൂമിയില്‍ വ്യൂഹം ചമച്ചു യുദ്ധം നയിച്ച പുരാണങ്ങളിലെ ആചാര്യന്‍മാരെ പോലെ, കൂട്ടം ചേര്‍ന്നു പറക്കുന്ന പറവകളില്‍ നിന്നന്യമായി യാത്രയ്ക്കു കൂട്ടായി മനുവിണ്റ്റെ കൂടെ ആരുമുണ്ടായിരുന്നില്ല, തന്നെ പോലെ മഴയെ സ്നേഹിച്ചു, ഒരു പെരുമഴക്കാലത്തു കന്യാകുമാരി മുതല്‍ ചിറാപുഞ്ചി വരെ മഴയുടെ പിന്നാലെ ഓടി, ഒരു ബ്രിട്ടീഷുകാരന്‍ എഴുതിയ യാത്രാവിവരണമല്ലാതെ. മഴയുടെ പിന്നാലെ ഓടി, കൊച്ചിയും കോഴിക്കോടും കടന്നു, ഗോവയിലെ മണ്‍സൂണ്‍ ആഘോഷങ്ങള്‍ക്കിടയില്‍ മദ്യം നുരഞ്ഞു പൊങ്ങി തുടങ്ങിയതോടെ വൈനും, ജിന്നും, ഷാംപയിനുമായി വീണ്ടും സല്‍ക്കാരസമയമായിരുന്നു. കടലോരത്തെ മഹാനഗരവും, ഗുജറാത്തിണ്റ്റെ ചതുപ്പുനിലങ്ങളും, മധ്യേഷ്യയിലെ ഊഷരഭൂമികളും കടന്നു യൂറോപ്പിണ്റ്റെ തണുപ്പിലേക്ക് എത്തി നില്‍ക്കുകയായിരുന്നു അപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ തണുപ്പിണ്റ്റെയും ഇരുട്ടിണ്റ്റെയും കൂട്ടുകാരനായ, ഡ്രാക്കുള എന്ന പ്രേതം പ്രശസ്തമാക്കിയ കാര്‍പാത്തിയന്‍ മലകളുടെ മുകളില്‍. ശൈത്യത്തിണ്റ്റെ കടുംപിടുത്തത്തിനു പുറമെ, മഴമേഘങ്ങള്‍ ഈറനണിയിച്ചു തണുപ്പില്‍ണ്റ്റെ ആക്കം കൂട്ടിയ ഒരു ഇടത്താവളത്തില്‍, മനുവിനു കൃത്രിമ ശീതീകരണിയുടെ തണുപ്പ്, വിലയേറിയ ആഡംബരവസ്തുക്കള്‍ നിരത്തി വച്ച വില്‍പ്പനശാലകള്‍ക്കിടയില്‍ ഒരു ആര്‍ഭാടമായി തോന്നി.
വേനലിണ്റ്റെ അവശേഷിക്കുന്ന ഇത്തിരി ചൂടു നുകരാനും കൂട്ടത്തില്‍ പടിഞ്ഞാറന്‍ സംസ്കാരത്തിണ്റ്റെ പൌരാണികത പേറുന്ന നഗരപ്രാന്തങ്ങളില്‍ നിന്നും, അറ്റു പോയ തങ്ങളുടെ സ്വന്തം വേരുകള്‍ ചികഞ്ഞെടുക്കാനും വന്നു തിരിച്ചു പോകുന്നവരായിരുന്നു അധികവും മനുവിനു കൂട്ടായി യാത്രയുടെ അടുത്ത പകുതിയില്‍. അവരുടെ മുന്‍തലമുറക്കാര്‍ നടത്തിയ യാത്രകളുടെ ആഴവും, ആ ആഴത്തിണ്റ്റെ തണുപ്പും മനുവിനെ വീണ്ടും പുതപ്പിണ്റ്റെ വലയത്തിലേക്കെത്തിച്ചു. മുന്നിലെ ചെറിയ സ്ക്രീനില്‍ കൊച്ചു പയ്യണ്റ്റെ പരിവേഷം കൈവിട്ടു, പരിക്കേറ്റു പുറത്തിരിക്കേണ്ടി വന്ന മുതിര്‍ന്നവര്‍ കൈയ്യിലേപ്പിച്ച ദൌത്യം ഭംഗിയായി നിര്‍വ്വഹിച്ചു അവസാനമത്സരം വരെ ഓടിയെത്തിയ ഷ്വൈന്‍സ്നീഗറുടെ കഥ. ഒരു മാസക്കാലത്തെ ആഘോഷത്തിമിര്‍പ്പിന്നൊടുവില്‍ അവസാനമത്സരവും കഴിഞ്ഞു കൊയ്തു കഴിഞ്ഞ പാടത്തു പൊടിയമര്‍ന്നു തുടങ്ങി, വീണ്ടുമൊരു അവധിക്കാലം കടന്നു പോയതിണ്റ്റെ സൂചനയായി വൈകുന്നേരങ്ങളിലെ ആകാശം പതിവിലും നേരത്തെ ഇരുണ്ടു തുടങ്ങി, മഴയുടെ വരവായി, ഒരു ന്യൂനമര്‍ദ്ദത്തില്‍ പെട്ട പോലെ ചെറുതായി ഉലഞ്ഞ വിമാനത്തില്‍ സുരക്ഷാസന്നാഹം അണിയാനുള്ള അറിയിപ്പ്.
മഞ്ഞിന്‍കണികകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ജനല്‍പാളിയിലൂടെ താഴെ കണ്ണെത്താദൂരം വരെ പരന്നു കിടക്കുന്ന പുല്‍മേടുകളും അവയ്ക്കിടയില്‍ അങ്ങിങ്ങായി തണുത്തുറഞ്ഞ തടാകങ്ങളും. പുല്‍മേടുകള്‍ ചെറു കുന്നുകള്‍ക്കും, ചെറുകുന്നുകള്‍ പടുകൂറ്റന്‍ മലകള്‍ക്കും വഴിമാറിക്കൊടുത്തു, കാല്‍ഗരിയിലെ മെഴുക്കു പുരണ്ട എണ്ണക്കിണറുകള്‍ പുരാണങ്ങളിലെ ഒരു കൊടുംശൈത്യം മലമടക്കുകളില്‍ അവശേഷിപ്പിച്ചു പോയ ഹിമപാളികളില്‍ നിന്നുടലെടുത്ത വലുതും ചെറുതുമായ, ഇനിയും മനുഷ്യകളങ്കമേറ്റിട്ടില്ലാത്ത മലമുകളിലെ ശുദ്ധജലാശയങ്ങള്‍ക്കു വഴി മാറി, ചെറു പുല്‍ന്നാമ്പുകള്‍ക്കു പോലും ഇടം നല്‍കാതെ മലമടക്കുകള്‍ക്കു മേലെ അടുക്കിവച്ച വരണ്ട പാറക്കെട്ടുകള്‍ മെല്ലെ സൂചിമരക്കാടുകള്‍ക്കു പിന്നിലായി. പിന്നെ എല്ലാവരുടെ ശ്രദ്ധയും എനിക്കു വേണം എന്ന വാശിയോടെ മഞ്ഞില്‍ തലപ്പാവണിഞ്ഞു, ഉദരത്തില്‍ ഒരു ശിശിരകാലത്തിണ്റ്റെ മുഴുവന്‍ തണുപ്പും കളയാനുള്ളത്ര ഊര്‍ജ്ജശെഖരവുമായി, ചെറുകുന്നുകള്‍ക്കും, അവയ്ക്കിടയിലെ താഴ്വാരങ്ങള്‍ക്കും, നീല ജലായശയങ്ങള്‍ക്കും മീതെ തലയുയര്‍ത്തി മൌണ്ട് റയിനീര്‍.
സൂര്യന്‍ ഉത്തരായനം തുടങ്ങുന്നതു വരെ അതിണ്റ്റെ കാല്‍ക്കീഴിലാണു മനുവിണ്റ്റെ വാസം. താനും തണ്റ്റെ ശിശിരഗൃഹവും തമ്മിലുള്ള ദൂരം കുറഞ്ഞു, കുറഞ്ഞു വരികെ, ഉള്ളിലെ തീജ്വാലകള്‍ തന്നിലടക്കിപിടിച്ചു കൊണ്ട്, കഴിഞ്ഞ പതിനഞ്ചു ദശാബ്ദക്കാലമായി നിദ്രയിലാണ്ടു കിടക്കുന്ന മഹാമേരുവിണ്റ്റെ നോക്കി മനു വിചാരിച്ചു, "സ്വാര്‍ത്ഥനാണു നീ, അല്ലെങ്കില്‍ ചുറ്റുമുള്ളവര്‍ ഇങ്ങനെ തണുത്തുറയുമ്പോള്‍, അവര്‍ക്കു ചൂട് പകരാതെ ഉറങ്ങാന്‍ പറ്റുമോ ഇങ്ങനെ" എന്ന്. ക്യാപ്റ്റണ്റ്റെയും കൂട്ടാളികളുടെയും യാത്രാമംഗളങ്ങള്‍ക്കിടയില്‍ മഹമേരുവിണ്റ്റെ മറുപടി പോലെ അഗ്നിയില്‍ ജ്വലിപ്പിച്ചെടുത്ത നാലു വാക്കുകള്‍, "എണ്റ്റെ സ്വാര്‍ത്ഥതയിലാണു നിണ്റ്റെ ജീവിതം" എന്നു.